സ്‌നേഹത്തിന്റെ ഒരു അധ്വാനം
1986-ൽ ഉക്രെയ്നിലെ ചെർണോബില്ലിൽ സംഭവിച്ച ആണവ ദുരന്തം ലോകശ്രദ്ധ പിടിച്ചുപറ്റി. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതോടെ, വികിരണം നിയന്ത്രിക്കുക എന്ന നിർണായകമായ ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥർ തിടുക്കപ്പെട്ടു. ഉയർന്ന റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളിൽ നിന്നുള്ള മാരകമായ ഗാമാ കിരണങ്ങൾ മാലിന്യം വൃത്തിയാക്കാൻ വിന്യസിച്ചിരുന്ന റോബോട്ടുകളെ നശിപ്പിച്ചുകൊണ്ടിരുന്നു.
അതുകൊണ്ട് അവർക്ക് “ബയോ റോബോട്ടുകൾ” — മനുഷ്യരെ — ഉപയോഗിക്കേണ്ടി വന്നു! തൊണ്ണൂറ് സെക്കന്റെ അതിൽ താഴെയോ ഉള്ള “ഊഴങ്ങളിൽ” അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്ന “ചെർണോബിൽ ലിക്വിഡേറ്റർസ്” ആയി ആയിരക്കണക്കിനു വീരയോദ്ധാക്കളായ വ്യക്തികൾ മാറി. സാങ്കേതിക വിദ്യയ്ക്കു ചെയ്യാൻ കഴിയാഞ്ഞത്, വ്യക്തിപരമായ വലിയ അപകടം അവഗണിച്ചുകൊണ്ടു മനുഷ്യർ ചെയ്തു.
വളരെക്കാലം മുമ്പ്, ദൈവത്തിനെതിരായ നമ്മുടെ കലഹം മറ്റെല്ലാ മഹാദുരന്തങ്ങളിലേക്കും നയിച്ച ഒരു മഹാദുരന്തത്തിനു കാരണമായി (ഉല്പത്തി 3 കാണുക). ആദാമും ഹവ്വായും മുഖേന, നമ്മുടെ സ്രഷ്ടാവുമായി വേർപിരിയുന്നതു നാം തിരഞ്ഞെടുത്തു. ഈ പ്രക്രിയയിൽ നാം നമ്മുടെ ലോകത്തെ വിഷലിപ്തമാക്കി. നമുക്ക് ഒരിക്കലും അതു സ്വയം നന്നാക്കിയെടുക്കാൻ കഴിയില്ല.
ക്രിസ്തുമസിന്റെ മുഴുവൻ ആശയവും അതാണ്. അപ്പൊസ്തലനായ യോഹന്നാൻ യേശുവിനെക്കുറിച്ച് ഇപ്രകാരം എഴുതി: “ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു…” (1 യോഹന്നാൻ 1:2). തുടർന്നു യോഹന്നാൻ പ്രഖ്യാപിച്ചു, “[ദൈവത്തിന്റെ] പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7).
തന്റെ സൃഷ്ടികൾക്കു കഴിയാത്തതു യേശു നൽകി. നാം അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മെ തന്റെ പിതാവുമായുള്ള ശരിയായ ബന്ധത്തിലേക്കു പുനഃസ്ഥാപിക്കുന്നു. അവൻ മരണത്തെ തന്നെ ഇല്ലാതാക്കി. ജീവൻ പ്രത്യക്ഷമായി.
ക്രിസ്തുമസ് വെളിച്ചം
ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു കഥാപുസ്തകം എന്റെ സഹോദരി കണ്ടെത്തിയപ്പോൾ, ഇപ്പോൾ എഴുപതുകളിലെത്തിയ എന്റെ മാതാവു വളരെ സന്തോഷവതിയായി. തേൻ മോഷ്ടിച്ചതിനെ തുടർന്നു രോഷാകുലരായ തേനീച്ചക്കൂട്ടം ഓടിച്ച ഒരു കരടിയെക്കുറിച്ചുള്ള രസകരമായ വിശദാംശങ്ങളെല്ലാം അവർ ഓർത്തെടുത്തു. കരടിയുടെ രക്ഷപ്പെടൽ പ്രതീക്ഷിച്ചു ഞാനും എന്റെ സഹോദരിയും എന്തുമാത്രം ചിരിച്ചുവെന്നും അവർ ഓർത്തു. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ എപ്പോഴും കഥകൾ പറഞ്ഞുതന്നതിനു നന്ദി,” ഞാൻ അമ്മയോടു പറഞ്ഞു. കുട്ടിക്കാലത്തു ഞാൻ എങ്ങനെയായിരുന്നുവെന്നത് ഉൾപ്പെടെ എന്റെ മുഴുവൻ കഥയും അമ്മയ്ക്കറിയാം. ഇപ്പോൾ ഞാൻ ഒരു മുതിർന്ന വ്യക്തിയാണ്. ഇപ്പോഴും അമ്മ എന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
ദൈവവും നമ്മെ അറിയുന്നു—നാം ഉൾപ്പെടെ, ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ ആഴത്തിൽ. അവൻ നമ്മെ “ശോധന ചെയ്തു” (സങ്കീർത്തനം 139:1) എന്നു ദാവീദ് പറയുന്നു. അവന്റെ സ്നേഹത്തിൽ, അവൻ നമ്മെ പരിശോധിച്ചു നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്നു. ദൈവം നമ്മുടെ നിരൂപണങ്ങളെ ഗ്രഹിക്കുന്നു, നാം പറയുന്നതിന്റെ പിന്നിലെ കാരണങ്ങളും അർത്ഥങ്ങളും മനസ്സിലാക്കുന്നു (വാ. 2, 4). നമ്മെ നാമാക്കുന്ന എല്ലാ വിശദാംശങ്ങളും അവൻ അടുത്തറിയുന്നു. നമ്മെ സഹായിക്കാൻ അവൻ ആ അറിവ് ഉപയോഗിക്കുകയും ചെയ്യുന്നു (വാ. 2-5). നമ്മെ ഏറ്റവുമധികം അറിയുന്നവൻ വെറുപ്പോടെ നമ്മളിൽ നിന്നു അകന്നുപോകാതെ അവന്റെ സ്നേഹവും ജ്ഞാനവും പകർന്നുകൊണ്ടു നമ്മളിലേക്കു കരങ്ങൾ നീട്ടുന്നു.
ഏകാന്തതയോ, കണ്ണിൽപ്പെടാത്ത അവസ്ഥയോ, മറ്റുള്ളവർ മറന്നതോ ആയി നമുക്ക് തോന്നലുണ്ടാകുമ്പോൾ, ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മെ കാണുന്നുവെന്നും നമ്മെ അറിയുന്നുവെന്നുമുള്ള സത്യത്തിൽ നമുക്കു സുരക്ഷിതരായിരിക്കാൻ കഴിയും (വാ. 7-10). മറ്റുള്ളവർക്കറിയാത്ത നമ്മുടെ എല്ലാ വശങ്ങളും — അതിൽ കൂടുതലും — അവനറിയാം. ദാവീദിനെപ്പോലെ, നമുക്കും ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “നീ എന്നെ… അറിഞ്ഞിരിക്കുന്നു… നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും” (വാ. 1, 10).
പരസ്പര പ്രോത്സാഹനം
“തികഞ്ഞ പ്രോത്സാഹനം.” നോവൽത്രയമായ ദ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന ഇതിഹാസം രചിക്കുമ്പോൾ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സി. എസ്. ലൂയിസ് നൽകിയ വ്യക്തിപരമായ പിന്തുണയെ വിവരിക്കാൻ ജെ.ആർ.ആർ. ടോൾകീൻ ഉപയോഗിച്ച വാചകമായിരുന്നു അത്. ഈ പരമ്പരയിന്മേലുള്ള ടോൾകീന്റെ അദ്ധ്വാനം കഠിനവും ശ്രമകരവുമായിരുന്നു. മാത്രമല്ല, അതിന്റെ നീണ്ട കൈയെഴുത്തുപ്രതികൾ രണ്ടുതവണയിലധികം അദ്ദേഹം സ്വയമേ ടൈപ്പ് ചെയ്തു. അദ്ദേഹം അതു ലൂയിസിനു അയച്ചുകൊടുത്തപ്പോൾ, ലൂയിസ് ഇപ്രകാരം പ്രതികരിച്ചു, “താങ്കൾ ഇതിൽ ചെലവഴിച്ച വർഷങ്ങൾ അത്രയും ന്യായീകരിക്കത്തക്കതാണ്.”
അപ്പൊസ്തലന്മാർ നൽകിയ പേരായ ബര്‍ന്നബാസ് (പ്രബോധനപുത്രൻ എന്ന് അർത്ഥം) (പ്രവൃത്തികൾ 4:36) എന്നറിയപ്പെടുന്ന കുപ്രദ്വീപുകാരനായ യോസേഫായിരിക്കും ഒരുപക്ഷേ തിരുവെഴുത്തിൽ ഏറ്റവും അറിയപ്പെടുന്ന പ്രോത്സാഹകൻ. പൗലൊസിനു വേണ്ടി അപ്പൊസ്തലന്മാരോടു വാദിച്ചതും ഈ ബര്‍ന്നബാസായിരുന്നു (9:27). പിന്നീട്, യെഹൂദരല്ലാത്ത വിശ്വാസികൾ യേശുവിൽ വിശ്വാസമർപ്പിക്കാൻ ആരംഭിച്ചപ്പോൾ, ബര്‍ന്നബാസ് “ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു” (11:23) എന്നു ലൂക്കൊസ് നമ്മോട് പറയുന്നു. “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” എന്നാണു ലൂക്കൊസ് അവനെ വിശേഷിപ്പിക്കുന്നത്. അവൻ കാരണം “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാ. 24) എന്നും ലൂക്കൊസ് കൂട്ടിച്ചേർക്കുന്നു.
പ്രോത്സാഹജനകമായ വാക്കുകളുടെ മൂല്യം അളക്കാവുന്നതല്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകൾ നാം മറ്റുള്ളവർക്കു പകർന്നു നൽകുമ്പോൾ, “മറ്റൊരാളുടെ ജീവിതത്തെ എന്നെന്നേക്കുമായി രൂപാന്തരപ്പെടുത്തുന്നതിനു നാം പങ്കിടുന്ന കാര്യങ്ങളിലൂടെ നിത്യാശ്വാസം” (2 തെസ്സലൊനീക്യർ 2:16) നൽകുന്ന ദൈവം പ്രവർത്തിച്ചേക്കാം. ആർക്കെങ്കിലും ഇന്ന് “തികഞ്ഞ പ്രോത്സാഹനം” നൽകാൻ അവൻ നമ്മെ സഹായിക്കുമാറാകട്ടെ!
നിങ്ങൾ ആരാണ്
ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തന്റെ കോളേജ് പഠനകാലത്ത്, രണ്ടു വ്യത്യസ്ത ഇനത്തിൽ മത്സരിക്കുന്ന കായികതാരമായിരുന്നു ചാർലി വാർഡ്. 1993-ൽ, ഈ യുവ ക്വാർട്ടർബാക്ക് രാജ്യത്തെ ഏറ്റവും മികച്ച അമേരിക്കൻ കോളേജ് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ഹെയ്സ്മാൻ ട്രോഫി നേടി. കൂടാതെ, അദ്ദേഹം ബാസ്ക്കറ്റ്ബോൾ ടീമിലും തന്റെ പ്രതിഭ തെളിയിച്ചു.
ഒരു ദിവസം, അദ്ദേഹത്തിന്റെ ബാസ്കറ്റ്ബോൾ പരിശീലകൻ മത്സരത്തിനു മുമ്പു ടീമിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ, തന്റെ കളിക്കാരോടു ചില മോശം പദങ്ങൾ ഉപയോഗിച്ചു. ചാർളിക്ക് അതത്ര “സുഖകരമായി തോന്നിയില്ല” എന്നത് ശ്രദ്ധിച്ചുകൊണ്ടു, “ചാർളി, എന്ത് പറ്റി?” എന്നു പരിശീലകൻ ചോദിച്ചു. “കോച്ച്, നിങ്ങൾക്കറിയാമോ, കോച്ച് ബൗഡൻ [ഫുട്ബോൾ കോച്ച്] ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാറില്ല. എന്നിട്ടും അദ്ദേഹം ഞങ്ങളെ അതികഠിനമായി കളിക്കാൻ പ്രേരിപ്പിക്കുന്നു” എന്നു വാർഡ് മറുപടി നൽകി.
ഈ പ്രശ്നത്തെക്കുറിച്ച് തന്റെ ബാസ്ക്കറ്റ്ബോൾ പരിശീലകനോട് സൗമ്യമായി സംസാരിക്കാൻ ക്രിസ്തു-സമാനമായ ചാർളിയുടെ സ്വഭാവ വൈശിഷ്ടം അവനെ സഹായിച്ചു. വാസ്തവത്തിൽ, പരിശീലകൻ ഒരു റിപ്പോർട്ടറോടു പറഞ്ഞു: “ഏതാണ്ട് ഒരു ദൂതൻ നിങ്ങളെ നോക്കുന്നത് പോലെയാണ്” ചാർലിയോട് സംസാരിച്ചപ്പോൾ അയാൾക്ക് അനുഭവപ്പെട്ടത്.
അവിശ്വാസികളുമായി ബന്ധപ്പെട്ടു സൽപേരു നിലനിർത്തുക എന്നതും ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷിയായി നിലനിൽക്കുക എന്നതും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമുള്ള കാര്യങ്ങളാണ്. എന്നാൽ അതേ സമയം, യേശു സഹായിക്കുകയും നയിക്കുകയും ചെയ്യുമ്പോൾ അവന്റെ സ്വഭാവത്തോടു കൂടുതൽ അനുരൂപരാകാൻ അവനിൽ വിശ്വസിക്കുന്നവർക്കു കഴിയും. തീത്തൊസ് 2-ൽ, യൗവനക്കാരും വിശാല അർത്ഥത്തിൽ എല്ലാ വിശ്വാസികളും, “സുബോധമുള്ളവരായിരിപ്പാനും” (വാ. 6) “സൽപ്രവൃത്തികൾക്കു മാതൃകയാക്കി… ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനം” (വാ. 7-8) ഉള്ളവരായിരിപ്പാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു.
ക്രിസ്തുവിന്റെ ശക്തിയിൽ നാം അപ്രകാരം ജീവിക്കുമ്പോൾ, നാം അവനെ ആദരിക്കുക മാത്രമല്ല, ഒരു സൽപേരു സൃഷ്ടിച്ചെടുക്കുകയും ചെയ്യും. തുടർന്നു, നമുക്കാവശ്യമായ ജ്ഞാനം ദൈവം പ്രദാനം ചെയ്യുന്ന വേളയിൽ, നാം പറയുന്നതു ചെവിക്കൊള്ളാൻ ജനം പ്രേരിപ്പിക്കപ്പെടും.